കൂരാച്ചുണ്ട് : പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രസ്‌ഫോടനത്തിന് സമാനമായ ശബ്ദമുണ്ടായത് കൂറ്റന്‍ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് കണ്ടെത്തി. വ്യാഴായ്ച രാത്രി 10.30-നായിരുന്നു സ്‌ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായത്.
മഴയത്ത് അടിയിലെ കല്ലും മണ്ണും നീങ്ങിയതിനെ തുടര്‍ന്ന് വലിയ പാറക്കല്ല് താഴോട്ട് പതിച്ച് മറ്റൊരു കല്ലില്‍ തട്ടിയതിനെ തുടര്‍ന്ന് കല്ല് പൊട്ടിയതാണ് ശബ്ദത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. രാത്രിയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ പ്രദേശവാസികള്‍ക്ക് സാധിച്ചില്ല. മുമ്പ് പല തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയായതിനാല്‍ പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രാത്രി തന്നെ അപകട ഭീഷണിയുള്ള ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. കല്ലാനോട്, പൂവത്തുംചോല മേഖലകളില്‍ വരെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പ്രദേശവാസികള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മണിച്ചേരി - പുത്തേട്ട് താഴെ തോടിന്റെ ആരംഭ ഭാഗത്ത് നിന്ന് കൂറ്റന്‍ കല്ലുകള്‍ ഇടിഞ്ഞു താഴോട്ടേക്ക് പതിച്ചതായി മനസിലായത്. 2018ലെ പ്രളയ സമയത്ത് ഭൂമിക്ക് വിള്ളല്‍ സംഭവിച്ച മേഖലയിലാണ് സ്‌ഫോടന ശബ്ദമുണ്ടായതെന്നാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തിയത്. പടുകൂറ്റന്‍ പാറ അടര്‍ന്നതോടെ സ്ഥലത്തെ മണ്ണും ചെളിയും ഉള്‍പ്പടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ച് പോവുകയും ചെയ്തിരുന്നു. മലമുകളില്‍ ഉരുള്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്നാണോ ഇതെന്നും സംശയമുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നുവെങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ആശങ്കയ്ക്ക് നേരിയ ശമനമുണ്ട്. ഇനിയും മഴ ശക്തമായാല്‍ വീണ്ടും വലിയ കല്ലുകള്‍ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പഞ്ചായത്ത് - പോലീസ് അധികൃതര്‍ വ്യാഴായ്ച രാത്രി 10.30 നാണ് ഇല്ലിപ്പിലായി മല മുകളില്‍ നിന്ന് അസാധാരണമായ ഉഗ്ര സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടത്.
വിവരമറിഞ്ഞ ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുണ്‍ ജോസ് എന്നിവര്‍ ഉടനടി സ്ഥലത്തെത്തുകയും വില്ലേജ് - പോലീസ് അധികാരികളെ വിവരം അറിയിക്കുയുമായിരുന്നു. മുമ്പ് പല തവണ അപകടമുണ്ടായ മേഖലയായതിനാലും ശക്തമായ മഴ പെയ്യുന്നതിനാലും അപകട ഭീഷണിയുള്ള ഏഴ് കുടുംബങ്ങളെയുംപ്രദേശത്ത് നിന്ന് മാറ്റുക എന്നതായിരുന്നു ആദ്യ കടമ്പ. രാത്രി സമയമായതിനാല്‍ പലരും അസൗകര്യം അറിയിച്ചപ്പോള്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കൂടി ബോധ്യപ്പെടുത്തിയാണ് ഇവരെ പ്രശ്‌നബാധിത പ്രദേശമല്ലാത്ത കുടുംബ വീടുകളിലേക്കും അയല്‍ വീടുകളിലേക്കും മാറ്റാന്‍ സാധിച്ചത്.
ബാലന്‍ പൂക്കോട്ട് ചാലില്‍, ദേവസ്യ ഇരുട്ട്കാട്ടില്‍, ജാനകി അറുമുഖന്‍ കണയങ്കോട്, സുബ്രഹ്‌മണ്യന്‍ തെരുവത്ത്, മേരിക്കുട്ടി ചാലിക്കോട്ടയില്‍, സ്‌കറിയ മറ്റത്തില്‍, ഏലിക്കുട്ടി വടുതല എന്നീ കുടുംബങ്ങളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് അധികൃതര്‍ മടങ്ങിയത്.
പാറ പൊട്ടിച്ച് മാറ്റി അപകടമൊഴിവാക്കണം. ചെങ്കുത്തായ മലയില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍ പ്രദേശത്ത് ആശങ്ക നിലനില്‍ക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വില്ലേജ് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പാറക്കല്ല് പൊട്ടിച്ചു മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറോടും, തഹസീല്‍ദാറോടും ആവശ്യപെട്ടിട്ടുണ്ട്. പാറ പൊട്ടിച്ചു മാറ്റിയാല്‍ മാത്രമേ അപകട ഭീഷണി ഒഴിവാക്കാന്‍ സാധിക്കുവെന്ന് വില്ലേജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അധികൃതരും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
The sound of the explosion scared the people, and after searching, the locals found the reason