പേരാമ്പ്ര : മുളിയങ്ങലിലെ എളമ്പിലാശ്ശേരി കുഞ്ഞിരാമൻ്റെ വീട്ടിലെ കോഴിക്കുട്ടിൽ നിന്നും ഏതാണ്ട് 25 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി.
ഇന്ന് കാലത്ത് കൂട് തുറന്നപ്പോഴാണ് പാമ്പിനെ കൂട്ടിൽ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന രണ്ട് കോഴികളെയും ഒരു താറാവിനെയും പാമ്പ് വിഴുങ്ങി.
ഇതിന് മുമ്പും പരിസരങ്ങളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. ആഴമേറിയ കനാലിൻ്റെ ഓരങ്ങളിലാണ് നിരന്തരമായി പെരുമ്പാമ്പിനെ കണ്ടു വരുന്നത്.
പഞ്ചായത്ത് നേതൃത്വത്തിൽ കനാൽ ഓരത്ത് കാട് വെട്ടാറുണ്ടെങ്കിലും വലിയ രീതിയിൽ കാടുപിടിച്ചതും ആഴമേറിയ ഗർത്തവുമുള്ള ഈ ഭാഗങ്ങളിൽ മനുഷ്യാധ്വാനം കൊണ്ട് കാട് വെട്ടിത്തെളിക്കുക അസാധ്യമാണ്.
തുടർച്ചയായി പെരുമ്പാമ്പിനെ കണ്ടു വരുന്നത് പരിസരവാസികൾ ഭീതിയിലാണ്.
കാലത്തും രാത്രി സമയങ്ങളിലും കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾ നടന്നു പോകുന്ന കരിമ്പാംകുന്ന് കനാൽപ്പാലം മുതൽ പുറ്റാട് ഗ്രൗണ്ട് വരെയുള്ള കനാൽ ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ജനങ്ങളുടെ ഭീതിയകറ്റാൻ ഇറിഗേഷൻ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് സി പി ഐ (എം) നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പിടികൂടിയ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികാരികൾക്ക് കൈമാറി
The python that entered was caught