അരിക്കുളം : പിഞ്ചു പ്രായത്തിൽ രണ്ടു റെക്കോർഡുകൾ കരസ്ഥമാക്കിയ രണ്ടര വയസ്സുകാരൻ അദ്രിനാഥ് എ.എസ്സ്.നെ കേരള പ്രവാസി സംഘം അനുമോദിച്ചു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും കലാംസ് വേൾഡ് റിക്കോർഡിലും അദ്രിനാഥ് ഇടം നേടിയിരുന്നു. കേരള പ്രവാസി സംഘത്തിന് വേണ്ടി കൊയിലാണ്ടി ഏരിയ ഭാരവാഹികളാണ് അദ്രിനാഥിൻ്റെ വീട്ടിലെത്തി അനുമോദിച്ചത്.
കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി പി. ചാത്തു, ഏരിയ വൈസ് പ്രസിഡൻ്റും അരിക്കുളം മേഖലാ സെക്രട്ടറി കൂടിയായ എം.എം. ബാലകൃഷ്ണനും ആണ് വീട്ടിലെത്തി അദ്രിനാഥിനെ അനുമോദിച്ചത്.
ഓട്ടോറിക്ഷാ തൊഴിലാളിയായ അരിക്കുളം കോട്ടമഠത്തിൽ രമേശൻ്റെയും തങ്കമണിയുടെയും മകൾ ആദിത്യയുടെയും കൊയിലാണ്ടി കൊല്ലം സ്വദേശി ശരത്തിൻ്റെയും മകനാണ് രണ്ടര വയസ്സുകാരനായ അദ്രിനാഥ്.
കുട്ടിക്ക് ഒരു മാസം പ്രായമുള്ളപ്പോൾ ശരത്ത് ബസ്സപകടത്തിൽ മരണപ്പെടുകയായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും അസാമാന്യ മികവ് കുട്ടിയിൽ കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ അപേക്ഷ സമർപ്പിക്കുകയായിരുന്നു.
തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരും കലാംസ് വേൾഡ് റെക്കോർഡ്സ് അധികൃതരും ആണ് കുട്ടിയുടെ കഴിവ് പരിശോധിച്ചത്.
ഇന്ത്യൻ നേതാക്കൾ, കേരള മുഖ്യമന്ത്രിമാർ, വാഹനങ്ങൾ, മൃഗങ്ങൾ, ഭക്ഷ്യ ഇനങ്ങൾ, പച്ചക്കറി ഇറങ്ങൾ, അടുക്കള ഇനങ്ങൾ, ആകൃതികൾ, പഴങ്ങൾ, നിറങ്ങൾ, എ മുതൽ പി വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ എന്നിവ രണ്ടര വയസ്സിനുള്ളിൽ അനായാസം തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ ബഹുമതിക്ക് അദ്രിനാഥ് അർഹനായത്.
Two records at two and a half years; Adrinath A. Ss. Appreciated