പേരാമ്പ്ര : ചങ്ങരോത്ത് മരുതോങ്കര ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം യാഥാർഥ്യമായി.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താംകണ്ടിയേയും നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ചീനവേലിയേയും ബന്ധിപ്പിക്കുന്നതാണ് തോട്ടത്താംങ്കണ്ടി പാലം.
പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ നാലര പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് തോട്ടത്താംകണ്ടി പാലത്തിലൂടെ യാഥാർഥ്യമായതെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിറവേറ്റുകയാണ് ചെയ്തത്. മുൻപെല്ലാം തടസ്സങ്ങളായിരുന്നു. എന്നാൽ എല്ലാം തട്ടി മാറ്റിയാണ് പാലം യാഥാർഥ്യമാക്കിയത്.
5 വർഷം കൊണ്ട് 100 പാലം യാഥാർഥ്യമാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ഈ കാലയളവിൽ തന്നെ 100 പാലങ്ങളുടെ പണി പൂർത്തീകരിച്ചു എന്നും അദേഹം പറഞ്ഞു.
2 വർഷം കൊണ്ട് പാലങ്ങളുടെ പുരോഗതി വിലയിരുത്താൻ പുതിയ സംവിധാനം ഏർപ്പെടുത്തിയിരുന്നു. നാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്.
പാലങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും ഇതു തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും വികസന കാര്യങ്ങളിൽ സർക്കാരിൻ്റെ നിലപാട് പ്രശംസനീയമാണ് അതിന് ജനങ്ങളുടെ പിൻതുണയും ലഭിക്കുന്നുണ്ടെന്നും കേരളത്തിലെ ജനകീയ സർക്കാരിന്റെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.പി. ബാബു, കെ.പി. ചന്ദ്രി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഉണ്ണി വേങ്ങേരി, കെ. സജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.എം. യശോദ, സി.എം. ബാബു, ടി.പി. റീന, ശോഭ അശോകൻ, എക്സിക്യുട്ടീവ് എൻജിനീയർ സി.എസ്. അജിത്, അസിസ്റ്റന്റ് എൻജിനീയർ എൻ. ബൈജു തുടങ്ങിയവർ സംസാരിച്ചു
Minister Muhammad Riaz said that Kerala is a government that overcomes crises and moves forward