കോഴിക്കോട് : കണക്ഷനിലെ തകരാർ കാരണം ഇടക്കിടെ വൈദ്യുതി മുടങ്ങിയതോടെ പകൽ കൂരിരുട്ടിലായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്.
വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കിയത്.
നട്ടുച്ചക്കുപോലും വെളിച്ചത്തിന് ലൈറ്റിടുന്ന സ്റ്റാൻഡിൽ രണ്ടു പ്രവേശന കവാടത്തിലൂടെ പരിമിതമായ തോതിൽ മാത്രമേ സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കൂ.
വൈകീട്ട് മഴകൂടിയായതേടെ സ്റ്റാൻഡ് പൂർണമായും ഇരുട്ടിലായി. ഇൻവർട്ടറിൽ പ്രവർത്തിക്കുന്ന രണ്ട് ലൈറ്റ് മാത്രമാണ് യാത്രക്കാർ ഇരിക്കുന്ന ഭാഗത്ത് കത്തിയത്.
ഇതോടെ, ബസുകൾ ലൈറ്റിട്ട് സ്റ്റാൻഡിൽ കയറുകയും ട്രാക്കിൽ നിന്ന് ഇറങ്ങുകയും ചെയ്തപ്പോൾ യാത്രക്കാർ മൊബൈലിലെ ടോർച്ച് കത്തിച്ച് നടന്നു.
ജീവനക്കാർ ബസിൽ ലൈറ്റിട്ടുവെച്ചത് യാത്രക്കാർക്ക് ആശ്വാസമായി. കെ.ടി.ഡി.എഫ്.സിക്കാണ് ബസ് സ്റ്റാൻഡ് നടത്തിപ്പ് ചുമതല. ജനറേറ്റർ തകരാറിലായതിനാലാണ് സ്റ്റാൻഡ് ഇരുട്ടിലായതെന്ന് കെ.ടി.ഡി.എഫ്.സി അധികൃതർ പറഞ്ഞു.
Connection failure; KSRTC Bus Stand at Kooriruttilai