കോഴിക്കോട് : ഉത്തരകന്നഡയിലെ ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിഷേധം.
കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍ തിരികെയെത്തിക്കുകയും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രക്ഷാപ്രവര്‍ത്തനം ആറാം ദിനമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടക സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഒന്നരവയസുള്ള കുട്ടിയാണ് അര്‍ജുനുള്ളതെന്നും ആ കുട്ടിയുടെ ഭാവി കണക്കിലെടുക്കണമെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
രക്ഷാദൗത്യം വൈകിയതില്‍ പ്രതിഷേധമറിയിച്ച നാട്ടുകാര്‍, അര്‍ജുനെ രക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു.
അതേ സമയം ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തസ്ഥലത്തെത്തും . നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.
കനത്തമഴയെ തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചിരുന്നു. ആറാംദിവസം രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നതിനിടെ വീണ്ടും മഴ പെയ്യുകയാണ്.
രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാൾ കൂടുതൽ ടിപ്പർ ലോറികളും പ്രദേശത്തുണ്ട്. മണ്ണ് പുറത്തേക്ക് കൊണ്ടുപോകാൻ പത്തിലധികം ലോറികളാണുള്ളത്.
രണ്ടോ മൂന്നോ ലോറികൾ മാത്രമായിരുന്നു ശനിയാഴ്ച ഉണ്ടായിരുന്നത്. കൂടുതൽ വാഹനങ്ങൾ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികൾ വേഗത്തിലായി.
കേരളത്തിൽനിന്നുള്ള ശക്തമായ സമ്മർദ്ദമാണ് രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂട്ടിയത്. ജി.പി.ആർ. സിഗ്നൽ കാണിച്ച സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
Search for Arjun; Kozhikode protests alleging delay in rescue mission