കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് ആരോഗ്യമന്ത്രി .
ഇന്ന് രാവിലെ 10:50 തോടെ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയാരുന്നു . നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത് .
മസ്തിഷ്കജ്വരവും ചെള്ള് രോഗവും ഉണ്ടായിരുന്ന കുട്ടിക്ക് നിപ വൈറസ് കൂടി സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സംസ്കാര ചടങ്ങുകൾ നിപ പ്രോട്ടോകോൾ പാലിച്ച് നടത്തും.
ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിപ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചു .
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം ഇല്ലാത്ത മറ്റൊരാളുടെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ഇപ്പോൾ ഈ മൂന്നു പേരും.
Nipah-affected 14-year-old dies of heart attack, funeral rites follow protocols