കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ മരിച്ചു. കണ്ണാടിക്കലിലാണ് തോട്ടില്‍ വീണ് പുളിക്കല്‍ പീടിക തലവീട്ടില്‍ സുബൈര്‍ മരിച്ചത്.
ജില്ലയില്‍ 47 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1811 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിനാളുകളെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശവും നല്‍കി.
ശക്തമായ മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മുക്കം മലയോര മേഖല, മാവൂര്‍, കണ്ണാടിക്കല്‍ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കക്കയം ഡാമില്‍ നീരൊഴുക്ക് കൂടിയതിനാല്‍ ഷട്ടറുകള്‍ ഒരടിയിലേക്ക് ഉയര്‍ത്തി. നീരൊഴുക്ക് കൂടിയാല്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ചാലിയാര്‍ പുഴയിലും ബികെ കനാലിലും ജലനിരപ്പ് ഉയര്‍ന്നു. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
heavy rain; One person died after falling into a stream in Kozhikode