കൽപറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരച്ചിലിൽ ഭാഗമാക്കും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ദുരന്തമേഖലയിലേക്ക് വരാൻ അവസരം നൽകും. ക്യാമ്പുകളിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റുമെന്നും വാടക സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പുകളിലുള്ള ആളുകളെ താൽക്കാലിക പുന:രധിവാസത്തിന്‍റെ ഭാഗമായി വാടകവീടുകളിലേക്ക് മാറ്റുക എന്നതിനാണ് നിലവിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. എത്ര പേർക്ക് സ്ഥിരമായ പുനരധിവാസം വേണ്ടിവരുമെന്ന് കണക്കാക്കും.
വാടകവീടുകളിലേക്ക് മാറ്റുന്നവരുടെ വാടക സർക്കാർ നൽകും -മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രക്ഷാപ്രവർത്തകരോടൊപ്പം ദുരിതബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടുത്തി ജനകീയ തിരച്ചിൽ നടത്തും.
രാവിലെ എട്ട് മണിക്ക് തുടങ്ങും. ക്യാമ്പുകളിലുള്ള ആളുകൾക്ക് ആവശ്യമെങ്കിൽ നാളെ രാവിലെ ദുരന്തമേഖലയിലേക്ക് വരാം.
നഷ്ടമായ എല്ലാ രേഖകളും സർക്കാർ ലഭ്യമാക്കും. സംസ്ഥാന സർക്കാറിന്‍റെ അധികാരപരിധിയിലെ ഒരു രേഖയും ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല.
നാളെ പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോൾ അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിക്കുകയാണ്. കേന്ദ്ര സർക്കാറുമായി ഒരു തർക്കത്തിനും ഈ ഘട്ടത്തിൽ നിൽക്കില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടമയവർക്ക് പകരം കാർഡുകളുടെ വിതരണം ഇന്നലെ തുടങ്ങി. ക്യാമ്പുകളിൽ കഴിയുന്ന ആളുകളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പുഞ്ചിരിമട്ടത്തെ മൂന്ന് പേർക്കും ചൂരൽമല നിവാസികളായ അഞ്ച് പേർക്കുമാണ് മന്ത്രി കെ. രാജൻ പുതിയ കാർഡുകൾ വിതരണം ചെയ്തത്.
ക്യാമ്പുകളിൽ വിവരശേഖരണം നടത്തി നഷ്ടപ്പെട്ട എല്ലാ രേഖകളും ബന്ധപ്പെട്ടവർക്ക് നൽകാൻ അദാലത്ത് മാതൃകയിൽ മേപ്പാടിയിൽ ക്യാമ്പ് സംഘടിപ്പിക്കും. നഷ്ടപ്പെട്ട രേഖകൾ കൃത്യതയോടെ ലഭിക്കാനുള്ള സംവിധാനമൊരുക്കാൻ ജില്ല കലക്ടർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.
ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും.
സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. സമ്പൂര്‍ണ പുനരധിവാസത്തിന്‍റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതിയാണ് മൂന്നാംഘട്ടത്തിൽ നടപ്പിലാക്കുക.
Mass search tomorrow in Mundakai; Relatives and friends of the disaster victims