മേപ്പാടി : ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽനിന്ന് കിലോമീറ്ററുകൾ അകലെ സൂചിപ്പാറ- കാന്തൻപാറ മേഖലയിൽനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി.
ഇവിടെ തിരച്ചിൽ നടത്തുകയായിരുന്ന രക്ഷാദൗത്യസംഘവും സന്നദ്ധപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ദുരന്തം നടന്ന് 11ാം ദിവസമായ ഇന്നാണ് ഇവ കിട്ടിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
അതിനിടെ, ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ ജനകീയ തെരച്ചിൽ തുടരുകയാണ്. മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തിൽ പരിശോധന നടത്തുകയാണ്.
പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് അറിയിച്ചു.
സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്ടിലെത്തുന്നുണ്ട്.
Landslide: Four more bodies found at Suchipara