പനായി : ആധുനിക രീതിയിൽ ഞാറു മുളപ്പിക്കാൻ, തടം എടുക്കുന്നതും വിത്തിടുന്നതും നേരിട്ട് കണ്ടപ്പോൾ പനായി ജി എൽ പി സ്കൂളിലെ കുട്ടികൾക്ക് അതൊരു നവ്യാനുഭവമായി മാറി.
സ്കൂളിൻറെ പരിസരത്തുള്ള പീടികക്കണ്ടി കൃഷ്ണേട്ടന്റെ വയലിൽ ആധുനിക കൃഷി രീതി ഉപയോഗിച്ച് വിത്തു മുളപ്പിക്കാൻ തടം എടുക്കുന്നത് നേരിൽ കാണാൻ ആയിരുന്നു കുട്ടികൾ എത്തിയത്.
കുട്ടികളെ കണ്ടപ്പോൾ ശശി എന്ന കർഷകനും വളരെ സന്തോഷമായി. കുട്ടികളുടെ സംശയ നിവാരണം നടത്തുക മാത്രമല്ല വിത്ത് ഇടാൻ അവരെ കൂടെ കൂട്ടുകയും ചെയ്തു.
അധ്യാപകരും കൂടി വയലിലിറങ്ങിയതോടെ കുട്ടികൾക്ക് ഉത്സാഹം കൂടി. കൃഷിയോടുള്ള ആഭിമുഖ്യം വളർത്താനും കൃഷി പണിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും ഇത് ഏറെ സഹായകമായി.
ഈ കൃഷി രീതിയെ കുറിച്ച് പ്രധാന അധ്യാപിക ഷീജ ടീച്ചർ വിശദീകരിച്ചു കൊടുത്തു അതോടൊപ്പം നാട്ടിപാട്ട് കൂടിയായപ്പോൾ കുട്ടികളിൽ ആവേശം കൊടുമുടികേറി.
Children of Panai GLP School get to know the modern method of farming