നടുവണ്ണൂർ : ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി രണ്ടര വയസ്സുകാരൻ.കോട്ടൂർ റോഷിത് കൃഷ്ണൻ്റെയും സ്നേഹയുടെയും മകൻ ഇസാൻ റോസ് ആണ് കുഞ്ഞുപ്രായത്തിലെ നേട്ടം സ്വന്തമാക്കിയത്.
വാഹനങ്ങള്‍, മൃഗങ്ങള്‍, വിവിധ തരം ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, മനുഷ്യന്റെ അവയവങ്ങള്‍, സ്വാതന്ത്ര സമരസേനാനികൾ, ലോകാത്ഭുതങ്ങൾ, ഇംഗ്ലീഷ് അക്ഷരമാല എന്നിങ്ങനെ നിരവധി വസ്തുതകൾ തിരിച്ചറിഞ്ഞ് പറഞ്ഞാണ് കുഞ്ഞുമിടുക്കൻ റെക്കോർഡ് സ്വന്തമാക്കിയത്.
അച്ഛനും അമ്മയും പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകളും ചിത്രങ്ങളും പെട്ടെന്ന് മനസിലാക്കാന്‍ തുടങ്ങിയതു തൊട്ടാണ് ഇസാൻ്റെ കഴിവിനെ മാതാപിതാക്കൾ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ഒരു വയസ് ആയപ്പോഴേക്കും കളിപ്പാട്ടങ്ങളിലും ചിത്രങ്ങളിലും കാണുന്ന വസ്തുക്കളുടെ പേരുകള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാനും പറഞ്ഞുകൊടുക്കുന്നത് മന:പാഠമാക്കാനും കുഞ്ഞു ഇസാൻ ശീലമാക്കി.
ഫ്ലാഷ് കാർഡുകളും പുസ്തകങ്ങളും വായിച്ച് കൊടുത്താണ് പിന്നീട് പരിശീലനം നൽകിയത്. അതിന് ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായി രക്ഷിതാക്കൾ ബന്ധപ്പെട്ടത്.
ഒരുമാസത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് റെക്കോർഡ് ലഭിച്ചെന്ന വിവരം അറിഞ്ഞത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഇസാന് റെക്കോർഡ് സാക്ഷ്യ പത്രം, മെഡല്‍ ,ഉപഹാരങ്ങള്‍ എന്നിവ സമ്മാനമായി നല്കി.
നാട്ടുകാരുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് കൊച്ചു മിടുക്കൻ ഇസാൻ റോസ് ഇപ്പോൾ.ഡൽഹിയിൽ ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ റോഷിത്ത് കൃഷ്ണൻ്റെയും കോഴിക്കോട് മീഡിയവൺ ചാനലിൽ ന്യൂസ് റീഡറായ സ്നേഹയുടെയും മകനാണ് ഇസാൻ.
A two-and-a-half-year-old entered the India Book of Records