പേരാമ്പ്ര : കുഴൽപ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ച് സംഘം ചേർന്ന് ആക്രമിച്ചു പണം തട്ടുന്ന അന്തർസംസ്ഥാന കവർച്ച സംഘത്തെ പേരാമ്പ്ര പോലീസ് വലയിലാക്കി.
പിടിയിലായവരിൽ തമിഴ്നാട് പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയൻ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിൻ (35) എന്നിവരാണ്.
പ്രതികൾ ബൈക്കിൽ സഞ്ചരിച്ച കുഴൽപ്പണ വിതരണക്കാരെ മർദിച്ച് ഇവരുടെ പണം തട്ടുകയും, വാഹനത്തിൽ കയറ്റി പിന്നീട് അവരെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
സെപ്റ്റംബർ 10-ന് സമാന രീതിയിൽ കടമേരി സ്വദേശി ജൈസൽ എന്നയാളെ ആക്രമിച്ച് 7 ലക്ഷം രൂപ കവർന്ന് വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു.
പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയെങ്കിലും വ്യാജ നമ്പർ ഉപയോഗിച്ചതോടെ, പോലീസ് മൊബൈൽ ഫോണിന്റെ ആശ്രയത്തിൽ നടത്തിയ അസൂത്രിത നീക്കത്തിലൂടെയാണ് മാഹിയിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര DySP കെ. കെ. ലതീഷ്, ഇൻസ്‌പെക്ടർ ജംഷിദ്. പി എന്നിവരുടെ നിർദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ ഷമീർ, SCPO മാരായ സുനിൽ കുമാർ സി. എം, വിനീഷ്, CPO ശ്രീജിത്ത് വിസി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര സ്‌ക്വാഡ് നിരവധി കേസുകളിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്, കഴിഞ്ഞ കാലത്ത് 5778 കിലോമീറ്റർ സഞ്ചരിച്ചു ആസാം സ്വദേശിയായ പോക്സോ കേസ് പ്രതിയെ പിടികൂടിയതും ഇവരുടെ മറ്റൊരു അപൂർവ നേട്ടമാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Perampra Squad arrests Inter-State Pipeline Robbery Gang