നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ യോഗ്യത
2024- 25 അധ്യയന വർഷത്തിൽ സർക്കാർ /എയ്‌ഡഡ് സ്‌കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അർഹത. 2023– 24 അധ്യയന വർഷത്തിൽ ഏഴാം ക്ലാസിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
പട്ടിക ജാതി, വർഗ വിഭാഗക്കാർക്ക് 50 ശതമാനം മതി. കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷത്തിൽ കവിയരുത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള റസിഡൻഷ്യൽ സ്‌കൂളുകൾ, മറ്റ് അംഗീകൃത സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല.
പ്രതിവർഷം 12,000 രൂപ
കേരളത്തിൽനിന്നും ഓരോ അധ്യയനവർഷവും എട്ടാം ക്ലാസിൽ പഠിക്കുന്ന 3473 കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9, 10, 11, 12 ക്ലാസുകളിൽ പ്രതിവർഷം 12,000 രൂപ വീതം സ്കോളർഷിപ് ലഭിക്കും.
സ്കോളർഷിപ്പിന് യോഗ്യത നേടിയ വിദ്യാർഥികൾ തുടർന്നും സർക്കാർ /എയ്ഡഡ് സ്കൂളിൽ തന്നെ പഠിക്കണം.ഒമ്പതാം ക്ലാസിൽ ലഭിക്കുന്ന സ്കോളർഷിപ് പത്താം ക്ലാസിലും ലഭിക്കണമെങ്കിൽ ഒമ്പതിലെ വാർഷിക പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടണം.
ഇതുപോലെ സ്കോളർഷിപ് തുടർന്നും ലഭിക്കാനായി പത്താംക്ലാസിൽ 60 ശതമാനം, പ്ലസ് വണ്ണിൽ 55 ശതമാനം എന്ന ക്രമത്തിൽ വാർഷിക പരീക്ഷകളിൽ മാർക്ക് നേടേണ്ടതുണ്ട്.
പട്ടികജാതി, വർഗ വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. ഓരോ വർഷവും നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷ പുതുക്കണം.
പരീക്ഷ
നവംബർ 16നാണ് പരീക്ഷ. 90 മിനിറ്റ് വീതമുള്ള രണ്ട് ഭാഗങ്ങൾ. ഓരോ ഭാഗത്തും ഒഎംആർ രീതിയിലുള്ള 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.
ആദ്യ ഭാഗമായ മെന്റൽ എബിലിറ്റി ടെസ്റ്റിൽ സാദൃശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, പാറ്റേണുകൾ തിരിച്ചറിയൽ, സംഖ്യാശ്രേണികൾ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നാണ് ചോദ്യങ്ങൾ.
രണ്ടാം ഭാഗമായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 7, 8 ക്ലാസുകളിലെ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നിവയിൽനിന്നും ചോദ്യങ്ങളുണ്ടാകും.
രണ്ട് ഭാഗങ്ങളിലുമായി 40 ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത . പട്ടിക വിഭാഗത്തിലുള്ള കുട്ടികൾക്ക് 32 ശതമാനം മാർക്ക് മതി.
ശരിയുത്തരങ്ങൾക്ക് ഓരോ മാർക്ക് വീതമാണ് ലഭിക്കുക. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാണ്. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടതെന്ന് അപേക്ഷയിൽ സൂചിപ്പിക്കണം.
അപേക്ഷ ഓൺലൈനിൽ
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസില്ല. വിദ്യാർഥികൾക്ക് സ്വന്തമായോ അല്ലെങ്കിൽ സ്‌കൂൾ മേധാവി വഴിയോ അപേക്ഷിക്കാം.
സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്കൂൾ മേധാവിക്ക് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ്കോപ്പി പരീക്ഷാ ഭവനിലേക്ക് അയക്കേണ്ടതില്ല. വിവരങ്ങൾക്ക്: nmmse.kerala.gov.in
Applications are invited for examination to identify children eligible for National Means Cum Merit Scholarship (NMMS).