പനങ്ങാട് : ഒക്ടോബർ 13, 14 തിയ്യതികളിൽ തിരുവാ ഞ്ചെരിപ്പൊയിൽ വെച്ച് നടക്കുന്ന പനങ്ങാട് ലോക്കൽ സമ്മേളനത്തിൻ്റെ പതാകദിനമായ ഒക്ടോബർ 10 ന് പൊതുസമ്മേളന നഗരിയായ പ്രകാശ് മാരാർ നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ. ബാലകൃഷ്ണൻ പതാക ഉയർത്തി.
കെട്ടിൽമിച്ചഭൂമി സമരകേന്ദ്രത്തിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ വി.എം കുട്ടികൃഷ്ണൻ പതാക ജാഥ ഉദ്ഘാടനം ചെയ്തു.
മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചവരുൾപ്പെടെ സമര വളണ്ടിയർമാരിൽ നിന്നും ഏറ്റുവാങ്ങിയ പതാക ജാഥാലീഡറായ പി.കെ. സുനീറിനെ ഏൽപിച്ചു.
കൂലി വർധനവിന് വേണ്ടി നടന്ന ഐതിഹാസികമായ ചിന്ത്രമംഗലം വടക്കേടത്ത് വയൽ സമരകേന്ദ്രത്തിൽ നിന്നും സമരകാലത്ത് പാർട്ടിയെ നയിച്ച മുതിർന്ന വി.വി ബാലൻ നായർ കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു.
വടക്കേടത്ത് വയൽ സമരപോരാളികളിൽ നിന്നും ഏറ്റുവാങ്ങിയ കൊടിമരം ജാഥാലീഡറായ ആർ.കെ. മനോജിനെ ഏൽപ്പിച്ചു.
ചുവപ്പ് വളണ്ടിയർമാരുടെയും ഇരുചക്ര വാഹനത്തിലും കാൽ നടയായും നൂറ് കണക്കിന് സഖാക്കളുടെ അകമ്പടിയോടെയും രണ്ട് ജാഥകളും സമ്മേളന നഗരിയിലേക്ക് പ്രയാണമാരംഭിച്ചു.
ഈന്തൻ കണ്ടിമുക്കിൽ കേന്ദ്രീകരിച്ച് ഇരു ജാഥകളും സമ്മേളന നഗരിയിൽ എത്തി ചേർന്നു. തുടർന്ന് സ്വാഗത സംഘം ചെയർമാൻ പതാക ഉയർത്തി.
ശേഷം നടന്ന പൊതുയോഗം വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി ബാലൻ നായർ ആർ.കെ. മനോജ്, പി കെ. സുനീർ, എം ഷാജു എന്നിവർ സംസാരിച്ചു.
Flag hoisted for CPI(M) Panangad local conference