കൽപ്പറ്റ: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക വദ്രയ്ക്ക് വേണ്ടി കള്ളപ്പണവും കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്നാണെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്.
കഴിഞ്ഞദിവസം തിരുനെല്ലിയിൽ പിടികൂടിയ കിറ്റിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കന്മാരുടെ ചിത്രവും ആലേഖനം ചെയ്തിരുന്നത് ഇതിൻറെ തെളിവാണെന്നും, കർണാടക തെരഞ്ഞെടുപ്പിൽ ബാക്കി വന്ന കിറ്റുകൾ വയനാട്ടിലേക്ക് കൊണ്ടുവന്നതാണെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.
കള്ളപ്പണ ഇടപാടുകൾക്ക് കുപ്രസിദ്ധി ആർജ്ജിച്ച, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദേരയുടെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് കള്ളപ്പണം എത്തുന്നതെന്ന സൂചനകൾ ഉണ്ടെന്നും, കോൺഗ്രസ് , മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
കൽപ്പറ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.
മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ എൻഡിഎ തെരഞ്ഞെടുപ്പ് വികസന പത്രിക കൽപ്പറ്റയിൽ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ എത്തും. കമ്പളക്കാട്, മാനന്തവാടി ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുക്കും.
തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പര്യടനം കൂടുതൽ ശക്തമാക്കുകയാണ് എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്
വയനാട്ടിലെ വികസന പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെ പ്രധാന വിഷയമായി എൻ.ഡി.എ ഉയർത്തുന്നത്.
കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ നിന്നും ജയിച്ചു പോയ രാഹുൽഗാന്ധിക്ക് വയനാട്ടിനായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചിട്ടില്ലെന്നും, വയനാട്ടിനെ കറവ പശുവായി മാത്രം കാണുന്ന പ്രിയങ്ക വദ്രയ്ക്കും വയനാട്ടിനായി ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ലെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തി കൊണ്ടാണ് നവ്യ ഹരിദാസ് വോട്ടർമാർക്ക് മുന്നിലേക്ക് എത്തുന്നത്.
ജില്ല സഹ പ്രഭാരി ടി. രാമചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറി എം.പി.സുകുമാരൻ, മണ്ഡലം പ്രസിഡൻ്റ് സി.എൻ സജീഷ് കുമാർ, ടി.എം സുധീഷ്, ജില്ല സെക്രട്ടറി സിന്ധു ഐരം വീട്ടിൽ ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻ്റ് ന്യൂട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സുബ്രഹ്മണ്യൻ, പി.ആർ ബാലകൃഷ്ണൻ, ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, ആരോട രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Black money and kits for UDF flow from Karnataka; Congress and League centers should be inspected: Navya Haridas