ബാലുശ്ശേരി : തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയില്‍ മിഥുന്‍ റോഷന്‍ എന്നയാള്‍ 6.71 ഗ്രാം എംഡിഎംഎ യുമായി ബാലുശ്ശേരി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളും ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് ടിപി യുടെ മേല്‍ നോട്ടത്തില്‍ എസ്‌ഐ എം സുജിലേഷ്, എസ് സിപിഒ എന്‍ ഗിരീഷ്, എസ് സിപിഒ ഫൈസല്‍, സിപിഒ രജിത എന്നിവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
അത്തോളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു അടിപിടി കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഇയാളുടെ ലഹരി വില്പനയെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ ഒരപകടത്തെ തുടര്‍ന്ന് ഇയാള്‍ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലായിരുന്നു. ലഹരി ആവശ്യക്കാര്‍ നിരന്തരം ഇയാളുടെ വീട്ടില്‍ വന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്.
ഇയാള്‍ കഴിഞ്ഞ ദിവസം വലിയ അളവില്‍ എംഡിഎംഎ കൊണ്ടുവന്ന് വില്‍പനയ്ക്കായി പേക്ക് ചെയ്തു വച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.
Youth arrested by police with MDMA at balusseri