പേരാമ്പ്ര : രാജ്യം ഇന്നുവരെ കാത്തു സൂക്ഷിച്ച സാഹോദര്യവും പരസ്പര വിശ്വാസവും തകർത്ത് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഇല്ലാതാക്കി വിദ്വേഷം വളർത്തി വഖഫ് സ്വത്തുക്കൾ കയ്യടക്കനും മദ്രസ സംവിധാനം തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് എല്ലാ മതേതര വിശ്വാസികളുടെയും ബാധ്യതയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു.
തികച്ചും മതേതരമായ ഈ വിഷയത്തിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജക മണ്ഡലം മദ്രസ സംരക്ഷണ സമ്മേളനം പന്തിരിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ഭേദഗതി ബിൽ സംബന്ധമായ വിശദീകരണം നൽകി നൗഷാദ് തിരുന്നാവായ, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. അബ്ദുൽ ജലീൽ സഖാഫി എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡൻ്റ് എ.പി നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി ഗോപി, റഷീദ് മുതിരക്കൽ, കെ.പി മുഹമ്മത് അഷ്റഫ്, പി.സി അഷ്റഫ് എന്നിവർ പങ്കെടുത്തു.
മണ്ഡലം സെക്രട്ടറി കെ. അബ്ദുൽ ഹമീദ് എടവരാട് സ്വാഗതവും സി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Modi government's efforts to destroy religious freedom and fundamental rights must be resisted and defeated. CPA Latif