നടുവണ്ണൂർ : ഇക്കഴിഞ്ഞ ജൂൺ 26ന് ബാലുശ്ശേരി ബ്ലോക്ക് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വാരിയെല്ലിനും തോളെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ് ആറുമാസത്തോളമായി ചികിത്സയിലാണ് ബഷീർ പാലോളി.
ഖത്തറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. സഹോദര പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ബാങ്കിൽ പോയി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
കൂടെ ഉണ്ടായിരുന്ന സഹോദരൻ സലാം കൂരികണ്ടി മരണത്തിന് കീഴടങ്ങി. വരുമാനം നിലച്ച് ശാരീരികമായും മാനസികമായും തകർന്നെങ്കിലും വിലപിച്ച് കഴിയാൻ ഇദ്ദേഹം തയ്യാറായില്ല.
തൻ്റെ സ്മാർട്ട് ഫോണും ലാപ്ടോപ്പും ഉപയോഗിച്ച്അതിജീവനത്തിന്റെ പുതിയ പാത രചിക്കുകയാണ് ബഷീർ പാലോളി. നവമാധ്യമ ഗ്രൂപ്പുകളിൽ സജീവമായിരുന്ന അദ്ദേഹം തീ തിന്നുന്നവേദനയിലും ഓൺലൈൻ പരസ്യത്തിന് ആവശ്യക്കാരെ തേടി.
ബിസിനസ് പരസ്യങ്ങളും നിരവധി പോസ്റ്ററുകളും ഡിസൈൻ ചെയ്യുകയാണിപ്പോൾ ബഷീർ കൂരികണ്ടി. നേരത്തേ പഠിച്ചു വെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണിയാണിതെന്ന് ബഷീർ പറഞ്ഞു.
അപകടങ്ങളിൽ പരിക്കുപറ്റി വിധിയെ പഴിച്ച് കിടക്കുന്നവർക്ക് ഇതൊരു പാഠമാകുകയാണ്.ഒരു ബഷീറിയൻ അതിജീവന പാഠം.
A Bashirian survival lesson, not a learned work; Work learned while in bed