ഓമശ്ശേരി : പഞ്ചായത്ത് ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഐ.ഡബ്ലിയു.ടി.ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോൽസവം 'വർണ്ണം-24' ആവേശമായി.
പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നുള്ള നൂറിൽ പരം ദിവ്യാംഗർ പങ്കെടുത്ത ഏകദിന കലോൽസവം ഹൃദയസ്പർശിയായിരുന്നു.
വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് പരിപാടികളുമായി സർഗ്ഗവസന്തം വിരിഞ്ഞ ഒരു പകൽ നവ്യാനുഭവമായി മാറി.
ആടിയും പാടിയും മണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് വിസ്മയമായി.
ജനപ്രതിനിധികളും രക്ഷിതാക്കളും അങ്കണവാടി അധ്യാപികമാരും ഹെൽപർമാരും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു ഭിന്നശേഷി കലോൽസവം.
ഒപ്പനയും ഡാൻസും ആംഗ്യപ്പാട്ടുകളുമുൾപ്പടെയുള്ള കലാപരിപാടികളൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.അങ്കണവാടി വർക്കർമാരുടെ കലാപരിപാടികളും ഭിന്നശേഷി കലോൽസവത്തിന് കൊഴുപ്പേകി.
രാവിലെ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ആസിം വെളിമണ്ണ മുഖ്യാതിഥിയായിരുന്നു.വൈകുന്നേരം നടന്ന സമാപന സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പരിപാടികളിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി പ്രതിഭകൾക്കും സമാപന ചടങ്ങിൽ ജനപ്രതിനിധികൾ ഉപഹാരങ്ങൾ കൈമാറി.
പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,'പരിവാർ' പഞ്ചായത്ത് ജന.സെക്രട്ടറികെ.അബ്ദുൽ ലത്വീഫ്,ഐ.ഡബ്ലിയു.ടി.അഡ്മിനിസ്ട്രേറ്റർ നൗഫൽ കരുവൻ പൊയിൽ,റുഖിയ ടീച്ചർ എന്നിവർ സംസാരിച്ചു.
Multi-disabled arts festival spreads excitement in Omassery