മാനന്തവാടി : മാനന്തവാടി ടൗണിലെ മലയോര ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ജംഗ്ഷനിൽ ഇന്റർലോക്ക് സ്ഥാപിക്കൽ, കോഴിക്കോട് റോഡിലെ ബസ്‌ബേ നിർമ്മാണം എന്നിവ 2025 ജനുവരി 3-ന് ആരംഭിക്കും. ഈ പ്രവർത്തനങ്ങൾ ജനുവരി 14-നകം പൂർത്തിയാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 14 മുതൽ 21 വരെ രണ്ടാംഘട്ട ടാറിംഗ്, നടപ്പാതയ്ക്ക് കൈവരി സ്ഥാപിക്കൽ എന്നിവയും പൂർത്തിയാക്കും.ഇതിനൊപ്പം, പ്രവൃത്തികളുമായി ബന്ധപ്പെട്ട് ടൗൺപരിധിയിലുള്ള വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്ത് നിന്ന്: നാലാം മൈലിൽ എത്തുന്ന വാഹനങ്ങൾ ബസ്റ്റാന്റിൽ ആളുകളെ ഇറക്കിയ ശേഷം ടൗണിൽ പ്രവേശിക്കാതെ തന്നെ തിരികെ പോയിക്കൊള്ളണം.
കല്ലോടി ഭാഗത്ത് നിന്ന്: ഗാന്ധിപാർക്കിൽ യാത്രക്കാരെ ഇറക്കി പോസ്റ്റ് ഓഫീസ് താഴെയങ്ങാടി വഴിയേ തിരിച്ചുപോകണം.
മൈസൂരു, തലശ്ശേരി, വള്ളിയൂർക്കാവ് ഭാഗങ്ങളിൽ നിന്ന്: ഗാന്ധിപാർക്കിലൂടെ ബസ്റ്റാന്റിൽ എത്തി അതേ റൂട്ടിൽ തന്നെ മടങ്ങണം.
തലശ്ശേരി ഭാഗത്ത് നിന്ന്: എരുമത്തെരുവ്-ചെറ്റപ്പാലം ബൈപ്പാസ് വഴിയേ പനമരം റോഡിലേക്ക് യാത്ര ചെയ്യണം.
കൊയിലേരി ഭാഗത്ത് നിന്ന്: വള്ളിയൂർക്കാവ്-ചെറ്റപ്പാലം ബൈപ്പാസ് വഴി തലശ്ശേരി റോഡിൽ പ്രവേശിച്ച് യാത്ര തുടരാം.
ഓട്ടോറിക്ഷ സ്റ്റാന്റുകൾ:തലശ്ശേരി റോഡ്, ഗാന്ധിപാർക്ക്, താഴെയങ്ങാടി എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാന്റുകൾ താൽക്കാലികമായി അടച്ചിടും.
ഈ കാലയളവിൽ മറ്റ് സ്റ്റാന്റുകളിലാണ് ഓട്ടോറിക്ഷകൾ പ്രവർത്തിക്കുക.വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരമാവധി കുറക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
New traffic regulations in Mananthavadi town