നടുവണ്ണൂർ : കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വേയപ്പാറമല ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടൂർ എ യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സിജിത്ത്,പ്രധാന അധ്യാപിക ആർ ശ്രീജ, കോഡിനേറ്റർ ജിതേഷ്, എസ്, വിദ്യാരംഗം കൺവീനർ ശിഖ സുധീഷ്, സ്നിഗ്ദ ഗിരീഷ്, ആത്മിയ, ആനിയ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

പഠന പ്രവർത്തനത്തിന്റെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾ വേയപാറയിലേക്ക് നടത്തിയ യാത്രയുടെ ഭാഗമായാണ് നിവേദനം തയാറാക്കിയത്. പഞ്ചായത്തിൽ 1, 2 വാർഡുകളിലായി സ്ഥിതിചെയ്യുന്ന വേയപാറ മലയുടെ പ്രാധാന്യം, പ്രകൃതി ഭംഗി, നാടിന്റെ ടൂറിസം സാധ്യത എന്നിവ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. കുട്ടികൾ വ്യക്തിപരമായി തയ്യാറാക്കിയ നിവേദനം ഗ്രൂപ്പ് ചർച്ചയിലൂടെ ഏകീകരിച്ച് സ്കൂളിലെ 200 ഓളം കുട്ടികൾ ഒപ്പുവച്ചതിനുശേഷമാണ് നിവേദനം തയ്യാറാക്കിയത്.
കൊയിലാണ്ടിബീച്ച്, തിക്കോടി ലൈറ്റ് ഹൗസ്, കക്കയം, വയനാടൻ മലനിരകൾ തുടങ്ങിയ നിരവധി കാഴ്ചകൾ വേയപാറയിൽ നിന്ന് കാണാൻ സാധിക്കും. വേയപ്പാറയുടെ നാലുവശങ്ങളിലും വ്യൂയിന്റുകൾ സ്ഥാപിക്കുക, വിദൂര ദൃശ്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ വാച്ച്ടവർ സ്ഥാപിക്കുക. സഞ്ചാരികൾക്ക് സുരക്ഷിത നടപ്പാത ഒരുക്കുക, ഗ്ലാസ് ബ്രിഡ്ജ്, ഏറുമാടം തുടങ്ങിയവയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കും. സ്കൂൾ നൂറാം വാർഷികത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുന്നുകളും മലനിരകളും സന്ദർശിച്ച് പ്രദേശത്തെ ടൂറിസം സാധ്യതകളെ കുറിച്ച് കുട്ടികൾ പഠനം നടത്തും.
Kotur AUP School Vidyarangam Kalasahitya Vedi submitted a petition to the Collector demanding that Veyaparamala become an ecotourism center.