അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി കൊടിമര ഘോഷയാത്ര നടന്നു. അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയിൽ സമാപിച്ചു. ഗുരുവായൂർ ദേവസ്വം അവകാശി മല്ലിശ്ശേരി പരമേശ്വരൻ തിരുമേനി മരം ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ,വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, ക്ഷേത്ര, ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ക്ഷേത്ര അളവിൽ 13 മീറ്റർ നീളത്തിൽ ലഭിച്ച തേക്ക് മരം രാവിലെ കണ്ണങ്കര ചിറക്കുഴിയിൽ നിന്ന് കൊടിമര ശിൽപി മൊകവൂർ മുരളീധരൻ ആചാരിയുടെ കാർമികത്വത്തിൽ മുറിച്ചു. വൈകുന്നേരം 4 മണിയോടെ അത്തോളി അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം എത്തിച്ച് ആചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു. തുടർന്ന് വാദ്യമേളങ്ങളും മുത്തുകുടയും താലപ്പൊലിയുമായി ഘോഷയാത്ര ആരംഭിച്ചു .ഒരു വർഷം നീളുന്ന വിവിധ ചടങ്ങുകൾക്കു ശേഷം ശിവരാത്രിയോടെയാണ് ധ്വജപ്രതിഷ്ഠ നടത്തുക.
Flag procession was held as a part of Atholikav Shiva Temple Dhwaja Pratishtha