
കൂരാച്ചുണ്ട് : കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും ,കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കി നടന്ന് വരുന്ന 39-)മത് ജോർജ് വട്ടുകുളം സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് നടക്കും. ശനിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അത്‌ലാന്റീസ് കല്ലാനോട് ഫൈനലിൽ പ്രവേശിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി.ബെന്നി, ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, ഫാ.സുബിൻ കിഴക്കേവീട്ടിൽ, ടൂർണമെന്റ് കമ്മിറ്റി അംഗം മാത്യു കടുകൻമാക്കൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ഫാ.ജോർജ് വട്ടുകുളം സ്മാരക എവർറോളിങ് ട്രോഫിയും 100001 രൂപയുമാണ് ഒന്നാം സമ്മാനം.ആഗസ്തി അബ്രഹാം കടുകൻമാക്കൽ എവർറോളിങ് ട്രോഫിയും 50001 രൂപയുമാണ് രണ്ടാം സമ്മാനം.
ആവേശമുയർത്താൻ ഐ.എം. വിജയനുമെത്തുന്നു
ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും, കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റുമായ പത്മശ്രീ ഐ.എം.വിജയൻ മുഖ്യാതിഥി ആയി പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് കൂരാച്ചുണ്ട്. കഴിഞ്ഞ വർഷങ്ങളിലും ഐ.എം.വിജയൻ വരുമെന്ന പ്രചരണമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്ക്കൂളിന്റെ ബാൻഡ് സെറ്റ് ടീമിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് ഐ.എം.വിജയനെ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കുകയെന്ന് ടൂർണമെന്റ് രക്ഷാധികാരി ഫാ.ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു കടുകൻമാക്കൽ, കമ്മിറ്റി ഭാരവാഹികളായ ജോൺസൺ എട്ടിയിൽ, ഷിബു കുഴിവേലി, ജോസ് വട്ടുകുളം എന്നിവർ അറിയിച്ചു.
Vatukulam football tournament finals today; I.M. Vijayan will be the chief guest