ബാലുശേരി ; മണ്ഡലത്തിലെ ഉള്ള്യേരിയെയും കൊയിലാണ്ടി മണ്ഡലത്തിലെ ചെങ്ങോട്ടുകാവിനെയും ബന്ധിപ്പിക്കുന്ന ഒള്ളൂര്‍ക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയായതോടെ ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറുകയാണ് പാലം. 2009 ല്‍ ആണ് പാലത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നത്. 8.50 കോടി രൂപയുടെ പദ്ധതിയാണ് തുടക്കത്തില്‍ തയ്യാറാക്കിയത്.

അകലാപ്പുഴ ദേശീയ ജലപാതയായി അംഗീകരിച്ചതോടെ പാലത്തിന്റെ രൂപരേഖയിലും മാറ്റം വരുത്തി. കെ.എം സച്ചിന്‍ദേവ് എം.എല്‍ എയുടെയും കാനത്തില്‍ ജമീല എം.എല്‍.എയുടെയും നിരന്തരമായ ഇടപെടലിലൂടെ സ്ഥലമേറ്റെടുക്കലും നിര്‍മാണ പ്രവൃത്തിയും വേഗത്തിലാക്കി. 18.99 കോടി രൂപയുടെ ഭരണാനുമതിയാണ് പിന്നീട് ലഭിച്ചത്.
പാലത്തിന്റെ മധ്യഭാഗത്ത് 55 മീറ്റര്‍ നീളത്തിലും ജലോപരിതലത്തില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുമായി ആര്‍ച്ചുള്‍പ്പെടെ പത്ത് സ്പാനുകളിലായി 250.06 മീറ്റര്‍ നീളത്തിലുമാണ് നിര്‍മിച്ചത്. ഇരുവശത്തും ഫുട്പാത്തും ഗ്യാരേജുമുള്‍പ്പെടെ 12 മീറ്റര്‍ വീതിയില്‍ ബോസ്മിങ്‌സ്പാനും 11 മീറ്ററില്‍ മറ്റു സ്പാനുകളും അപ്രോച്ചും നിര്‍മിച്ചിട്ടുണ്ട്. പാലത്തിനിരുവശത്തും സമീപറോഡും നിര്‍മിച്ചിട്ടുണ്ട്.
എന്‍എച്ച് 17 ലെ ചെങ്ങോട്ടുകാവിനെയും എന്‍എച്ച് 38 ലെ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം അത്തോളി-ഉള്ളേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കൊയിലാണ്ടിയില്‍ എത്താന്‍ സഹായിക്കുന്നതാണ്. ഫെബ്രുവരി 25ന് വൈകിട്ട് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം നാടിന് സമര്‍പ്പിക്കും.
Ollurkadav bridge ready for inauguration; On February 25, the Public Works Department Minister will present the bridge to the nation