കൂരാച്ചുണ്ട് ; നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് തന്നെ. യു.ഡി.എഫിന്റെ ജില്ലാ നേതൃത്വത്തിന്റെ തീരുമാന പ്രകാരം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അവസാനത്തെ ഒരു വര്‍ഷം മുസ്ലിം ലീഗിന് കൈമാറാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ പോളി കാരക്കട പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 27 മുസ്ലിം ലീഗ് സ്വതന്ത്രന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുകയും പ്രസിഡന്റ് പോളി കാരക്കട പുറത്താക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ ഒ. കെ അമ്മദും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡണ്ട് പോളി കാരക്കടയും തമ്മിലായിരുന്നു മത്സരം. നിലവില്‍ 13 അംഗ ഭരണസമിതിയില്‍ പോളി കാരക്കടയെ കൂടാതെ യു.ഡി.എഫിന് ഏഴ് സീറ്റും എല്‍.ഡി.എഫിന് നാല് സീറ്റും ഒരു സ്വതന്ത്രനും ആണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി അമ്മതിന് വോട്ട് ചെയ്തു. അദ്ദേഹത്തിന് എട്ട് വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പോളി കാരക്കടയ്ക്ക് അഞ്ച് അംഗങ്ങളുടെ വോട്ടുമാണ് ലഭിച്ചത്.

ഇരു മുന്നണികളിലും പെടാതെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അരുണ്‍ ജോസ് യു.ഡി.എഫിനോടൊപ്പം നിന്നതും ഇവരുടെ വിജയം സുനിശ്ചിതമാക്കി. മുന്‍ പ്രസിഡന്റ് പോളി കാരക്കട ഇടതു പാളയത്തിലെത്തി പ്രസിഡന്റാകാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. യുഡിഎഫ് പാളയത്തില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള എല്‍.ഡി.എഫ് ശ്രമവും പരാജയപ്പെട്ടു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെയും ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീണ്‍കുമാറിന്റെയും നിരന്തര ഇടപെടല്‍ കാരണം യു.ഡി.എഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി തന്നെ ഒ.കെ.അമ്മദിന്റെ പിന്നില്‍ അണിനിരന്നു. ഇതോടെ മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡന്റായി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത്.
After many political dramas, the post of Panchayat President has finally been given to the UDF