അത്തോളി : മത്സ്യകൃഷിയില്‍ നൂതന വിദ്യകള്‍ ആവിഷ്‌കരിച്ചതിന് രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയ അത്തോളി നാലുപുരയ്ക്കല്‍ മനോജ് കൂടുത്തംകണ്ടി (59) നിര്യാതനായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
30 വര്‍ഷമായി വിശാലമായ തന്റെ കുനിയില്‍ക്കടവിന് സമീപത്തെ ഫാമില്‍ ലാഭകരമായി മത്സ്യ കൃഷി നടത്തിയ മനോജിന്റെ വേര്‍പാട് മത്സ്യ കര്‍ഷകര്‍ക്ക് തീരാ നഷ്ടമായി. കേരളം മുഴുവന്‍ മത്സ്യകൃഷി പരിശീലിപ്പിച്ചും പ്രചരിപ്പിച്ചും നടക്കുന്ന മത്സ്യ ക്ര്‍ഷകനായ മനോജ് അത്തോളിക്കാരുടെ അഭിമാനമായിരുന്നു. സംസ്ഥാനത്തെ കാര്‍ഷിക കോളേജുകളിലും ഫാമുകളിലും കര്‍ഷക സംഘങ്ങളിലും മത്സ്യ കൃഷിയുടെ വിദഗ്ധനായ പരിശീലകനായിരുന്നു. 2011ലും 2012 ലും നൂതനവും വൈവിധ്യമേറിയതുമായ കൃഷി രീതികള്‍ക്ക് മത്സ്യ കര്‍ഷകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പുഴയിലെ കരിമീന്‍ കുഞ്ഞുങ്ങളെ ഫാമിലേക്ക് ആകര്‍ഷിച്ച് ശേഖരിച്ച് ഫാം തുടങ്ങിയും, വെള്ളത്തില്‍ അലിഞ്ഞു പോകാത്ത പ്രത്യേകതരം മത്സ്യ തീറ്റ ഉണ്ടാക്കി തീറ്റ പാഴാകാതെ സംരക്ഷിക്കുന്ന രീതിയും ആയിരുന്നു അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. 2020 ല്‍ മികച്ച ഒരു ജല കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും ആത്മയുടെ ജില്ലാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച കരിമീന്‍ ഫാം കൂടിയാണ് മനോജിന്റെ അത്തോളിയിലെ നാഷണല്‍ അക്വാ ഫാം. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രയിലും മാഹിയിലെ മഹാത്മ കോളേജിലും തലശ്ശേരി എരഞ്ഞോളി സര്‍ക്കാര്‍ ഫാമിലും പരിശീലകനായി പോകാറുണ്ട്. സുനിതയാണ് ഭാര്യ. സംസ്‌കാരം ഇന്ന് 5 മണിക്ക്.
Atholi Nalupurakkal Manoj passed away