ബാലുശ്ശേരി; അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതുകുന്ന് മലയില്‍ നടക്കുന്ന മണ്ണെടുപ്പ് അവസാനിപ്പിച്ച് മുതുകുന്ന് മലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ലോല പ്രദേശമായ മലയില്‍ നിന്നും യാതൊരുവിധ പഠനവും നടത്താതെ ജനങ്ങളെ ഭീതിയില്‍ നിര്‍ത്തി നടക്കുന്ന മണ്ണടുപ്പിന് എംഎല്‍എ യും പഞ്ചായത്ത് ഭരണ സമിതിയും ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍വകക്ഷി യോഗത്തില്‍ മണ്ണെടുപ്പിന് സൗകര്യമൊരുക്കി കൊടുക്കാനുള്ള നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്.
മറ്റൊരു മുണ്ടക്കൈയും ചൂരല്‍ മലയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായും ജനകീയവുമായ പോരാട്ടത്തിലാണ് ബിജെപി. മുതുകുന്ന് മല കലക്ടര്‍ സന്ദര്‍ശിക്കണമെന്നും പ്രത്യേക ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് നിയമ പോരാട്ടത്തിന് പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് എം.കെ രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപന്‍ കണ്ണമ്പത്ത്, എം.കെ ചന്ദ്രന്‍, മോഹനന്‍ ചാലിക്കര, മധു പുഴയരികത്ത്, പ്രസാദ് എടപ്പള്ളി, നാരായണന്‍, കെ.ബൈജു എന്നിവര്‍ സംസാരിച്ചു. കെ.കെ. മണികണ്ഠന്‍, എ.സി ജിനേഷ്, വി.എം ശങ്കരന്‍, വി. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Earth excavation in Muthukunnu hill should be stopped; Panchayat office holds march