ഉള്ളിയേരി; ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എന്‍പ്രൗഡ് (ന്യൂ പ്രോഗ്രാം ഫോര്‍ ദി റിമൂവല്‍ ഓഫ് അണ്‍ യൂസ്ഡ് ഡ്രഗ്‌സ് ) പദ്ധതിക്ക് ഉള്ളിയേരി പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് കോഴിക്കോട് കോര്‍പ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ആണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കോര്‍പറേഷനില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി. സമഗ്രമായ പൈലറ്റ് സ്റ്റഡിക്ക് ശേഷം കേരളത്തില്‍ മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും.ഉപയോഗശൂന്യമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിക്കുന്നതും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ എന്‍പ്രൗഡ് പദ്ധതിക്ക് രൂപം നല്‍കിയത്.
വീടുകളില്‍ നിന്ന് ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതില്‍ ഹരിത കര്‍മ്മ സേനയുടെ സേവനം ഉപയോഗപ്പെടുത്തും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ പ്രത്യേക ശേഖരണ സംവിധാനവും ഒരുക്കും. വീടുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന മരുന്നുകള്‍ മാലിന്യങ്ങള്‍ക്കൊപ്പം സംസ്‌കരിക്കപ്പെടുകയാണ് സാധാരണ ചെയ്യാറുള്ളത്. മണ്ണിലും ജലാശയങ്ങളിലും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിപ്പെടുന്നത് മണ്ണിനും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അത്യന്തം അപകടകരമാണ്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.
ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗ ശൂന്യമായ മരുന്നുകള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള എന്‍പ്രൗഡ് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ 18 മാസ കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക പൂമഠത്തില്‍, ബീന, ഗീത വടക്കെടത്ത് മീത്തല്‍, സെക്രട്ടറി സുനില്‍ ഡേവിഡ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
EnProud project begins in Ulliyeri; Ulliyeri becomes the second local government body to implement the project in the state