നന്മണ്ട; കാലിക പ്രസക്തമായ വിഷയങ്ങളിലൂന്നിയുള്ള ഉജ്ജ്വല പ്രഭാഷണങ്ങളും സാംസ്‌കാരിക സദസും കലാപരിപാടികളും ആദരവും ഉള്‍പ്പെടുന്ന സര്‍ഗ സായാഹ്നത്തിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകളാണ്. നാടിന്റെ സമ്പന്നമായ ഇന്നലെകളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച പഴയ തലമുറയിലെ വിശിഷ്ട വ്യക്തികളെ പുതിയ തലമുറയ്ക്ക് അറിയാന്‍ വഴിയൊരുക്കുന്ന 'ഹൃദയാദര'ത്തിലൂടെ നിരവധി വ്യക്തിത്വങ്ങളാണ് ജനാവലിയുടെ ആദരം ഏറ്റുവാങ്ങിയത്.

സാംസ്‌കാരികോത്സവത്തിന്റെ മൂന്നാം ദിവസം 'മാധ്യമങ്ങള്‍ പറയാത്തത്' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഡോ. എം.സി.അബ്ദുല്‍ നാസര്‍ വിഷയം അവതരിപ്പിച്ചു. ആധുനിക കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും പാലിക്കേണ്ട നൈതികത പുതുതലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പാഠമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൂത്താളി, ജീരകപ്പാറ മിച്ചഭൂമി സമരത്തിലെ പോരാളിയും നൂറ്റി അഞ്ചാം വയസിലും കാര്‍ഷിക രംഗത്ത് സജീവമായ കര്‍ഷകനുമായ പാറയുള്ള പിണങ്ങോട്ട് ചെക്കൂട്ടി, തെയ്യം ചെണ്ടവാദ്യ കലാകാരന്മാരായ പാറപ്പുറത്ത് സ്വാമി ദാസന്‍, പി.ബി. ചെറുവോട്, തയ്യല്‍ തൊഴിലാളി പാണ്ടിക്കോട് ഗംഗാധരന്‍, കെ.പി. രാമന്‍ ചെട്ട്യാര്‍, 2025 ലെ സംസ്ഥാന മിക്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആകര്‍ഷ് കൂളിപ്പൊയില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം നാടക മത്സരത്തില്‍ കുമരു എന്ന നാടകത്തിലൂടെ ഏറ്റവും നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ട യദു കൃഷ്ണ റാം, വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്കാകര്‍ഷിക്കപ്പെട്ട് മിച്ചഭൂമി സമരത്തിലുള്‍പ്പെടെ ജയില്‍വാസം അനുഭവിച്ച വത്സന്‍ ആയോളി, ദാമോദരന്‍ വാഴവളപ്പില്‍ എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ടി. ദേവാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. രാജന്‍, ടി. ബാലകൃഷ്ണന്‍, എം. ഗംഗാധരന്‍, ഒ.പി ശോഭന, ടി.പി. അബ്ദുള്‍ സലിം , പുതുക്കുടി ബാലന്‍, വി.സി.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ട്രഷറര്‍ കുണ്ടൂര്‍ ബിജു സ്വാഗതവും എ സുജീന്ദ്രകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
തുടര്‍ന്ന് അലോഷി അവതരിപ്പിച്ച ഗസല്‍ സന്ധ്യ അരങ്ങേറി. വ്യാഴാഴ്ച മത നിരപേക്ഷതയും മാനവികതയും എന്ന വിഷയത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. ഗോപന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 'നാട്ടുണര്‍വ്വ് ' ഗ്രാമീണ കലാപരിപാടികള്‍ അരങ്ങേറും.
The Nanmanda Fest organized by the E.K. Nayanar Charitable Society is becoming a highlight.