കായണ്ണ : കായണ്ണ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയും ഇതിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഗ്രാമപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിവാഹം മറ്റു ആഘോഷ ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ആരോഗ്യവകുപ്പിനെ മുന്‍കൂട്ടി വിവരം അറിയിക്കണം.
കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഭക്ഷണം തയ്യാറാക്കുന്നവര്‍ നല്ല വ്യക്തിശുചിത്വം ഉള്ളവരും അസുഖങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം, പാചകക്കാരുടെ ഫോണ്‍നമ്പര്‍ ആരോഗ്യ വകുപ്പിന് നല്‍കണം. വെള്ളമെടുക്കുന്ന കിണര്‍ ക്ലോറിനേഷന്‍ നടത്തണം.
പാകം ചെയ്യുന്ന പാത്രങ്ങളും സാധന സാമഗ്രികളും വൃത്തിയുള്ളതാണെന്നു ഉറപ്പുവരുത്തണമെന്നും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പി.ടി. ഷീബ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, കെ.വി. ബിനിഷ, ജയപ്രകാശ് കായണ്ണ, പി.കെ. ഷിജു, ഗീത വിരണപ്പുറത്ത്, കെ.സി ഗാന, സി.കെ സുലൈഖ എന്നിവര്‍ സംസാരിച്ചു.
Restrictions have been tightened in Kayanna