ബാലുശ്ശേരി: ഗുജറാത്തില്‍ നടന്ന 36-ാംമത് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടി സംസ്ഥാനത്തിന് അഭിമാനമായി മാറി ബാലുശ്ശേരി സ്വദേശി മേഘ്‌ന കൃഷ്ണ.

ബാലുശ്ശേരി എരമംഗലം പീടികക്കണ്ടി പറമ്പില്‍ കര്‍ഷകനായ കൃഷ്ണന്‍കുട്ടി സിന്ധു ദമ്പതികളുടെ മകളായ മേഘ്‌നകൃഷ്ണ പുല്‍പള്ളി ആര്‍ച്ചറി അക്കാദമിയിലെ താരമാണ്.
ദേശീയ ആര്‍ച്ചറി മത്സരത്തില്‍ ടീം ഇനത്തില്‍ സംസ്ഥാനത്തിനായി സ്വര്‍ണം നേടിയാണ് മേഘ്‌നകൃഷ്ണയും ആര്‍ച്ചരാജനും സംസ്ഥാനത്തിന്റെ അഭിമാനതാരങ്ങളായത്.
പുല്‍പള്ളി പഴശ്ശിരാജ കോളജില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ മേഘ്‌ന ഏഴാം ക്ലാസ് മുതല്‍ പുല്‍പള്ളിയിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. 5-3ന് മണിപ്പൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
ആറുവര്‍ഷമായി അമ്പെയ്ത്തില്‍ പരിശീലനം നേടുന്നുണ്ട്. തൃശൂര്‍ സ്വദേശി ഒആര്‍.രഞ്ജിത്താണ് പരിശീലകന്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് പുല്‍പള്ളിയിലെ അമ്പെയ്ത്ത് പരിശീലനകേന്ദ്രംസ്ഥിതി ചെയ്യുന്നത്.
നാഷണല്‍ ഗെയിംസ് വനിതകളുടെ ഇന്ത്യന്‍ റൗണ്ട് വിഭാഗത്തിലാണ് കേരളം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. മേഘ്‌ന കൃഷ്ണയെ കൂടാതെ കെ.ജെ. ജെസ്‌ന, ആര്‍ച്ച രാജന്‍, എ.വി. ഐശ്വര്യ എന്നിവരും ടീമിനോടൊപ്പം കളത്തിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മേഘ്‌നക്ക് എരമംഗലത്തെ നാട്ടുകാര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
കഴിഞ്ഞ ദിവസം തന്നെ പുല്‍പള്ളി കോളജിലേക്ക് പുറപ്പെട്ട മേഘ്‌നക്കും ടീം അംഗങ്ങള്‍ക്കും പഴശ്ശിരാജ കോളജിലും സ്‌പോര്‍ട്‌സ് സ്‌കൂളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. മേഘ്‌നക്ക് ബാലുശ്ശേരി പഞ്ചായത്തും സ്വീകരണമൊരുക്കുന്നുണ്ട്.
Meghna Krishna made Balussery proud by winning gold in the National Games