ബാലുശ്ശേരി : മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യത്തോടെ നടത്തിയ ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിൽ ഉന്നയിച്ച പ്രധാന ചില വികസന നിർദ്ദേശങ്ങൾക്ക് ഈ വർഷത്തെ ബജറ്റിൽ വലിയ അംഗീകാരം ലഭിക്കുകയുണ്ടായി.

6 പ്രധാന പ്രവർത്തികൾക്ക് ബജറ്റിൽ തുക അനുവദിക്കുകയുണ്ടായി 14പ്രവർത്തികൾക്ക് 100 രൂപ ടോക്കൺ മണിയും അനുവദിച്ചിട്ടുണ്ട്. പുതിയ പാലങ്ങളുടെ നിർമ്മാണം ഏറ്റെടുക്കുന്നതിന് സെമിനാറിൽ തീരുമാനിച്ചിരുന്നു.
ബാലുശ്ശേരി , കൊടുവള്ളി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കരുവാറ്റക്കടവ് പാലം നിർമ്മാണത്തിന് 3.5 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട് . ഉണ്ണികുളം താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരുവാറ്റക്കടവ് പാലം ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.
ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ വികസനം ലക്ഷ്യം വെച്ചുകൊണ്ട് ഏകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ പ്രവർത്തി പൂർത്തീകരിക്കുന്നതിന് 1.5 കോടിയും, ബാലുശ്ശേരി കുറുമ്പൊയിൽ വയലട റോഡിന് 1.5 കോടിയും, മുളിയങ്ങൽ കായണ്ണ കൈതകൊല്ലി റോഡിന് 1.5 കോടിയും പൊതുമരാമത്ത് പ്രവർത്തികൾക്കായി ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പ്രധാന നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഉള്ളിയേരി ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിനും ഓപ്പൺ എയർ തീയേറ്റർ നിർമ്മിക്കുന്നതിനുമായി ആദ്യഘട്ടത്തിൽ 1 കോടി രൂപ അനുവദിച്ചിട്ടുണ്ട് ഉള്ളിയേരി ടൗണിലെ മാതാം തോടിന്റെ സംരക്ഷണവും അനുബന്ധ പ്രവർത്തികളുമാണ് ആദ്യഘട്ടത്തിൽ നടക്കുക.
പുഴകളും കുളങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിട നെല്ലൂർ ക്ഷേത്രക്കുളത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഘട്ടം ഘട്ടമായി മണ്ഡലത്തിലെ പ്രധാന പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്.
1 crore for beautification of Ullieri town; Gain for Balushery