നടുവണ്ണൂര്‍ : ദേശീയ ഗോള്‍ഡണ്‍ ആരോ പുരസ്ക്കാര നേട്ടവുമായി 6 കബ്ബുകള്‍. നടുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി പി ഓപ്പണ്‍ ഗ്രൂപ്പിലെ അംഗങ്ങളായ 6 കബ്ബുകളാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് 10 വയസ്സിന് താഴെയുള്ള കബ്ബ് വിഭാഗത്തിലെ അംഗങ്ങള്‍ക്കായി നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പുരസ്ക്കാരമാണ് ഗോള്‍ഡണ്‍ ആരോ. 4ാം ക്ലാസുകാരായ അമല്‍ദേവ്, അനുപം ഗോവിന്ദ്, കാര്‍ത്തിക്, അഥര്‍വ്വ്, നകുല്‍ ദേവ്, ഹാത്തിം മുഹമ്മദ് എന്നീ അംഗങ്ങളാണ് നടുവണ്ണൂരിലെ ബി പി ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പിന് കീഴില്‍ വര്‍ഷങ്ങളായി ചിട്ടയായ പരിശീലനം നേടികൊണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.
ടി കെ വിജയന്‍, അതുല്‍ കൃഷ്ണ മൂലാട് എന്നീ അധ്യാപകരാണ് ഇവരുടെ പരിശീലകര്‍. 2006 മുതല്‍ നടുവണ്ണൂരിലെ ബി പി ഓപ്പണ്‍ ഗ്രൂപ്പില്‍ കബ്ബ് വിഭാഗം ഉള്‍പ്പെടെ ഭാരത് സ്കൗട്ട് & ഗൈഡ്സിന്‍റെ സ്കൗട്ട് - ഗൈഡ്, റോവര്‍ തുടങ്ങിയ വിഭാഗങ്ങളും ഓപ്പണ്‍ യൂണിറ്റായി പ്രവര്‍ത്തിച്ചു വരുന്നു.
2011ല്‍ പ്രവര്‍ത്തന മികവിന് ഇന്ത്യയിലെ ഏറ്റവും മികച്ച റോവര്‍ യൂണിറ്റിനുള്ള ഉപരാഷ്ട്രപതി പുരസ്ക്കാരവും ഈ യൂണിറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ജില്ലാ കമ്മീഷണര്‍ കൂടിയായ പി. നികേഷ്കുമാര്‍ അടങ്ങുന്ന ടീം ആണ് ഈ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.
6 Cubs Win National Golden Arrow Awards