നിങ്ങളുടെ കുട്ടികളുടെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയിട്ടുണ്ടോ? പേടിക്കേണ്ട. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സമ്പൂർണ വാക്സിനേഷൻ യജ്ഞമായ മിഷൻ ഇന്ദ്രധനുഷിലൂടെ മുടങ്ങിയ കുത്തിവെപ്പുകൾ പൂർത്തിയാക്കാം.
അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗർഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷൻ ഇന്ദ്രധനുഷ് 5.0.
യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങളിലും ഊർജ്ജിതമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകും.
പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ പൂർത്തീകരിക്കാൻ കഴിയും വിധം വീടുവീടാന്തരം സർവെ നടത്തുകയും ആരോഗ്യ ബോധവൽക്കരണം നൽകുകയും ചെയ്യും.
വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ബാലക്ഷയം, മഞ്ഞപ്പിത്തം ബി, പോളിയോ മൈലൈറ്റിസ് (പിള്ളവാതം), ഡിഫ്തീരിയ (തൊണ്ടമുള്ള്), പെർട്ടൂസിസ് (വില്ലൻ ചുമ), വയറിളക്കം, ടെറ്റനസ് (കുതിരസന്ധി), മീസിൽസ് (മണ്ണൻ), മംപ്സ് (മുണ്ടി നീര്), ഹീമോഫിലസ് ഇൻഫ്ളുൻസ ടൈപ്പ് ബി, റുബല്ല, ജപ്പാൻ ജ്വരം എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളാണ് നൽകുക.
മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയുമാണ്.
#Child #immunization through #mission #indradhanush