താമരശ്ശേരി : വിശ്വാസികൾക്ക് വിശുദ്ധനാട് പരിചയപ്പെടുത്തുവാൻ നിരവധിതവണ വിശുദ്ധനാട് യാത്രകൾ സംഘടിപ്പിച്ച ബൈബിൾ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായഫാ. ജോസഫ് കാപ്പിൽ (80) അന്തരിച്ചു.
ഈരുട്, വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1944 ജൂലൈ 06ന് തൊടുപുഴയ്ക്കടുത്തുള്ള നെടിയശാലയിൽ, കാപ്പിൽ ദേവസ്യ- അന്ന ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമനായി ജനിച്ചു.
പിന്നീട് മലബാറിലെ കുരാച്ചുണ്ടിലേക്ക് കുടിയേറിയ അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട്, കുളത്തുവയൽ സ്കൂളുകളിൽ പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു.
തുടർന്ന് ഫിലോസഫി പഠനത്തിനായി മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലും തിയോളജി പഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത ഫിദെ കോളേജിലേക്കും അയക്കപ്പെട്ടു.
വൈദിക പരിശീലനത്തി നൊടുവിൽ റോമിൽ വെച്ച് 1970 മെയ് 17ന്, പന്തക്കുസ്ത തിരുന്നാൾ ദിനത്തിൽ പത്രോസിന്റെ ബസിലിക്കയിൽ, പോൾ ആറാമൻ മാർപാപ്പായിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും മെയ് 17ന് റോമിൽ വെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.
വൈദികനായതിനുശേഷം റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തിയോളജിയിലും ലിറ്റർജിയിലും ലൈസൻഷിയേറ്റ് കരസ്ഥമാക്കി.
കൂടാതെ 2 വർഷക്കാലം ജറുസലേമിൽ ബൈബിൾ ഡിപ്ലോമ കോഴ്സും പൂർത്തിയാക്കി. 1971ൽ മാനന്തവാടി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച കാപ്പിലച്ചൻ 1972 മുതൽ 1974 വരെയുള്ള കാലഘട്ടത്തിൽ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായി സേവനം ചെയ്തു.
തുടർന്ന് 1974 മുതൽ 1977 വരെ തലശ്ശേരി രൂപതയിലെ പെരുംപുന്ന ഇടവകയിൽ വികാരിയായി. തുടർന്ന് ഷീരാടി, നെല്ലിയാടി, നെല്ലിക്കുറ്റി, ചാപ്പൻതോട്ടം, തേക്കുംകുറ്റി, താമരശ്ശേരി, മരുതോങ്കര, തിരുവമ്പാടി, പെരിന്തൽമണ്ണ, മുക്കം, എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1987ൽ താമരശ്ശേരി രൂപതയുടെ പ്രൊക്കുറേറ്ററായി സേവനം ചെയ്തു. 1993ൽ പുല്ലുരാംപാറ ബഥാനിയാ സെന്ററിന്റെ ഡയറക്ടർ, 1995ൽ താമരശ്ശേരി രൂപതയുടെ പ്രൊക്കുറേറ്റർ, 2000ൽ കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോം, പി.എം.ഒ.സി., മതബോധനം, ബൈബിൾ അപ്പസ്തോലേറ്റ് എന്നിവയുടെ ഡയറക്ടർ, എപ്പാർക്കിയൽ കൺസൽട്ടർ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.
വിശ്രമജീവിതം നയിക്കുമ്പോഴും കുളത്തുവയൽ, ചുണ്ടത്തുംപൊയിൽ എന്നീ ഇടവകകളിൽ പ്രീസ്റ്റ് ഇൻ ചാർജ്ജ് ആയി സേവനം ചെയ്തിട്ടുണ്ട്. 1995 മുതൽ വിശുദ്ധനാട് തീർത്ഥാടനം സംഘടിപ്പിച്ചിരുന്ന കാപ്പിലച്ചൻ ഇതിനോടകം 55 തീർത്ഥാടന ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി.
2015 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സി. മരിയ ജെമ്മ UMI (പരിയാരം), (Late) ചിന്നമ്മ താമരക്കാട്ട് (കല്ലാനോട്), ജോസ് കാപ്പിൽ (തേർത്തല്ലി, കോടോപ്പള്ളി) എന്നിവർ സഹോദരങ്ങളാണ്. പ്രിയപ്പെട്ട ജോസഫ് കാപ്പിൽ അച്ചന്റെ ഭൗതികദേഹം അന്തിമോപചാരങ്ങൾക്കായി 29.09.2024 ഉച്ചയ്ക്ക് 01.30 വരെ ഇൗരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
ഉച്ചകഴിഞ്ഞ് 02.00 മണി മുതൽ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 04.00 മണിക്ക് കത്തീഡ്രൽ പള്ളിയിൽ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഭൗതികദേഹം, തലശ്ശേരി അതിരൂപതയിലെ, തേർത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരൻ ജോസ് കാപ്പിലിന്റെ ഭവനത്തിൽ രാത്രി 10.30 മുതൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (30.09.2024) രാവിലെ 10.00ന് ഭവനത്തിൽ ആരംഭിച്ച്, കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സെമിത്തേരിയിൽ നടത്തുന്നതാണ്. "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിയ്ക്കുന്നു' (ലൂക്ക 1:46-47) എന്ന ആപ്തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന ജോസഫ് കാപ്പിലച്ചൻ, താൻ ആയിരുന്ന ഇടവകകളിലും സ്ഥാനങ്ങളിലും തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും ആധ്യാത്മികതയും കൊണ്ട് ജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു.
Fr. Joseph Kapill passed away