കൊയിലാണ്ടി : ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇനി 'അവളുമാര്‍ക്കൊപ്പം' സൗഹൃദം പങ്കുവെച്ച് പഠിക്കാന്‍ 'അവന്മാര്‍' കൂടിയെത്തുന്നു.

കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് കൊണ്ട് മിക്‌സഡ് സ്‌കൂളാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ചരിത്രം വഴിമാറുക തന്നെയാണ്.
ഇതോടെ ഏറെ നാളായി പ്രദേശത്തുകാരും അധ്യാപകരും അധ്യാപക സംഘടനക്കാരും പി.ടി.എ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും പെടുന്ന വലിയൊരു വിഭാഗത്തിന്റെ ആവശ്യത്തിനാണ് ഇപ്പോള്‍ പരിസമാപ്തിയാകുന്നത്.
ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു.
ദീര്‍ഘനാളായി ജനങ്ങളും, ഗവ.ഗേള്‍സിലെ അധ്യാപകരും, അധ്യാപക രക്ഷാകര്‍തൃ കൂട്ടായ്മയും, അധ്യാപക സംഘടനകളും, പ്രദേശവാസികളും ഉന്നയിച്ചു വരുന്ന കാര്യമായിരുന്നു ഈ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിക്കുക എന്നത്.
ലിംഗവിവേചനങ്ങള്‍ക്ക് സ്ഥാനമില്ലാതാവുകയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നത് സമൂഹം കൂടി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
1961 ല്‍ 1 മുതല്‍ 5 ക്ലാസ് വരെ പന്തലായനി എലിമന്ററി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ ആ വര്‍ഷം തന്നെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നത്.
പിന്നീട് 1997 ല്‍ +1 ബാച്ച് ആരംഭിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി മാറി. പ്ലസ്ടുവിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്.
ഇപ്പോള്‍ യുപി വിഭാഗത്തില്‍ 508 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1026 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 574 ഉം ഉള്‍പ്പെടെ ആകെ 2108 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനം നടത്തി വരുന്നു.
സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പേ പിടിഎ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു.
2022 ജൂണില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെട്ട് എംഎല്‍എ അടക്കമുള്ളവരെ പിടിഎ സമീപിച്ചിരുന്നു.
പിടിഎ യുടെ തീരുമാനത്തെ എംഎല്‍എ ശക്തമായി പിന്തുണയ്ക്കുകയും അതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.
Koyilandy Government Girls' Higher Secondary School has been declared a mixed school by the government.