കോഴിക്കോട് : വ്രതവിശുദ്ധിയുടെ പുണ്യവുമായെത്തിയ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ നിരവധി പേരാണ് ഞായറാഴ്ച നഗരത്തിലെത്തിയത്.

പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പും സ്വന്തമാക്കാനുള്ളവരുടെ തിരക്ക് മിഠായിത്തെരുവിലുള്‍പ്പെടെ രാത്രി വൈകിയും തുടര്‍ന്നു.
രണ്ട് വര്‍ഷമായി കോവിഡ് നഷ്ടപ്പെടുത്തിയ ആഘോഷപ്പെരുമ തിരിച്ചുപിടിക്കാനുള്ള ആവേശത്തിലായിരുന്നു വിശ്വാസികള്‍.
കോവിഡും പ്രളയക്കെടുതിയും തീര്‍ത്ത ദുരിതങ്ങളും നിയന്ത്രണങ്ങളും നീങ്ങിയശേഷം ആദ്യമെത്തിയ ചെറിയ പെരുന്നാള്‍ വിപണിയിലും ഉണര്‍വുണ്ടാക്കി.
പെരുന്നാളിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ കുടുംബാംഗങ്ങള്‍ കൂട്ടമായെത്തിയതോടെ കോഴിക്കോട്ടെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രമായ മിഠായിത്തെരുവും മറ്റ് കച്ചവട കേന്ദ്രങ്ങളും നിറഞ്ഞു.
എല്ലാ കടകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ കച്ചവടം നടന്നു. രാവിലെ തുറക്കുന്ന കടകള്‍ തിരക്കുകാരണം രാത്രി ഏറെ വൈകിയും സജീവമായി.
തിരക്കുകൂടിയതിനാല്‍ പലകടകളില്‍ അധികം ജീവനക്കാരെ നിയമിക്കേണ്ടിവന്നു. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പെടെ റംസാന്‍ വിപണി സജീവമാക്കിയതോടെ പെരുന്നാള്‍ ആഘോഷത്തിനുള്ള ഭക്ഷണമൊരുക്കാനുള്ള സാധനങ്ങളുടെ വിലവര്‍ധന തടയാനും കഴിഞ്ഞിട്ടുണ്ട്.
പുത്തനുടുപ്പുകളിട്ട് സുഗന്ധം പൂശി രാവിലെത്തന്നെ ഈദ് ഗാഹിലേക്കോ പള്ളിയിലേക്കോ പോകുന്നതാണ് പെരുന്നാള്‍ ദിനത്തിലെ പ്രധാന ചടങ്ങ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഈദ്ഗാഹുകള്‍ നടന്നിരുന്നില്ല. കോവിഡ് ഭീതി മാറി ആള്‍ക്കൂട്ടം അനുവദനീയമായതിനാല്‍ ഈദുഗാഹുകളില്‍ വിശ്വാസികള്‍ നിറയും.
കൈപിടിച്ചും ആശംസകള്‍ കൈമാറിയും കെട്ടിപ്പുണര്‍ന്നും പെരുന്നാള്‍ ആഘോഷിക്കാന്‍ അനുകൂല സാഹചര്യം ഒരുങ്ങിയതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.
ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിവിധ സംഘടനകള്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
The city was ready to welcome the Eid Mubarak