---
title: "#Accreditation | കക്കോടി എഫ്എച്ച്‌സി ക്ക് ദേശീയ ഗുണനിലവാര അംഗീകാരം "
english_title: "#National #Quality #Accreditation for #KakodiFHC"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136714/national-quality-accreditation-for-kakodifhc"
published_at: "2023-08-05T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce1ecf5ee3c_health_logo.jpg"
keywords: []
---

# #Accreditation | കക്കോടി എഫ്എച്ച്‌സി ക്ക് ദേശീയ ഗുണനിലവാര അംഗീകാരം 

> **Lead Summary:** **എലത്തൂര്‍**: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടുമൊരു പൊന്‍തൂവല്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ 94 ശതമാനം സ്‌കോറും നേടിയാണ് ഈ ആതുരാലയം ദേശീയ അംഗീകാരം നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കോറാണിത്.

## Article Content

**എലത്തൂര്‍**: എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടുമൊരു പൊന്‍തൂവല്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ 94 ശതമാനം സ്‌കോറും നേടിയാണ് ഈ ആതുരാലയം ദേശീയ അംഗീകാരം നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കോറാണിത്.

നാല് വിഭാഗങ്ങള്‍, 50 സ്റ്റാന്‍ഡേര്‍ഡുകള്‍ എന്നിവയിലായി 1,700 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തിയത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്.

മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധനയും വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്‌സി കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക.

2018 ലെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും പ്രവര്‍ത്തന യോഗ്യമല്ലാതായിത്തീരുകയും ചെയ്ത കക്കോടി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ജില്ലയിലെ മികച്ച ആതുരാലയമാണ്.

ചെന്നൈ അപ്പോളോ ആശുപത്രിയുടെ ധനസഹായമായ 3.7 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക രീതിയിലാണ് ആശുപത്രി പുനര്‍നിര്‍മ്മിച്ചത്.

രോഗി സൗഹൃദ ഒപി മുറികള്‍, കുട്ടികള്‍ക്കായുള്ള ഇമ്മ്യൂണൈസേഷന്‍ ബ്ലോക്ക്, മുലയൂട്ടല്‍ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പുകേന്ദ്രം, യോഗ ഹാള്‍, കുട്ടികളുടെ കളിസ്ഥലം, നിരീക്ഷണ മുറി, ശീതീകരിച്ച ഫാര്‍മസി സ്റ്റോര്‍, ലാബ്, മുറിവ് കെട്ടുന്നതിനുള്ള ഡ്രസിങ് റൂം, ആരോഗ്യ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും മികച്ച രീതിയില്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മതില്‍, മുന്‍വശത്തെ പ്രാധാന ഗേറ്റ്, മുന്‍വശം ഇന്റര്‍ലോക്ക് ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഗ്രാമപഞ്ചായത്തിന്റെ 14 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസനവും സോളാര്‍ സ്ഥാപിക്കലും പൂര്‍ത്തിയാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടുപയോഗിച്ച് ജനല്‍ കര്‍ട്ടന്‍, ബോധവല്‍ക്കരണ ബോര്‍ഡുകള്‍, ചൈല്‍ഡ് ഫ്രണ്ട്‌ലി പെയിന്റിംഗ്, ഡിജിറ്റല്‍ ഡിപ്ലേ ബോര്‍ഡ് എന്നിവ സ്ഥാപിച്ചു.

പൊതുജനസഹായത്തോടെ കൂടുതല്‍ ഫര്‍ണീച്ചറും സ്ഥാപിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ ദിവ്യയും സംഘവുമാണ് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136714/national-quality-accreditation-for-kakodifhc)