തിരുവനന്തപുരം : തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ നാലുദിവസങ്ങളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്താൻ തീരുമാനം. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുദിവസമായതിനാൽ അതിന് തടസ്സമുണ്ടാകാതിരിക്കാനാണ് ബുധനാഴ്ച ഒഴിവാക്കിയത്.

ചിലകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കുള്ള വാക്സിൻ കുത്തിവെപ്പ് പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. തുടർച്ചയായ വാക്സിനേഷനുവേണ്ടിയുള്ള വാക്സിനേഷൻകേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ആദ്യദിനം 8062 ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെച്ചത്. അവർക്കാർക്കും വാക്സിൻകൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യദിനത്തിലെ വിജയത്തെത്തുടർന്ന് അതേരീതിയിൽ വാക്സിനേഷൻ തുടരാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും 100 പേരെ വെച്ച് 133 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

തിങ്കളാഴ്ചമുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ എണ്ണംകൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.
ഓരോകേന്ദ്രത്തിലും രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് വാക്സിൻ നൽകുക. രജിസ്റ്റർചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. വാക്സിൻ എടുത്തുകഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. അടിയന്തരചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. കിറ്റുണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
News from our Regional Network
RELATED NEWS
