ഉള്ള്യേരി: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മൃതദേഹ സംസ്കരണ പ്രശ്നങ്ങൾക്ക് അറുതിയാവുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഭൂഗർഭ ശ്മശാനം ഉള്ള്യേരിയിൽ നിർമ്മാണം പൂർത്തിയാവുന്നു.
പൊതുശ്മശാന സങ്കൽപ്പങ്ങളെ കവച്ചു വയ്ക്കുന്ന “പ്രശാന്തി ഗാർഡൻ” എന്ന ശ്മശാനമാണ് ഇവിടെ രൂപം കൊള്ളുന്നത്. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 3.9 കോടി ചിലവഴിച്ചാണ് ഇതിന്റെ നിർമ്മാണം.
ഉള്ള്യേരി സംസ്ഥാനപാതയിൽ പാലോറയിൽനിന്ന് 700 മീറ്റർ മാറി കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് ശ്മശാനം നിർമ്മിക്കുന്നത്. ശ്മശാനങ്ങളെ കുറിച്ചുള്ള പൊതു സങ്കൽപ്പങ്ങളെ മാറ്റി മറിക്കുന്ന പ്രശാന്തി ഗാർഡന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്.
സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വയ്‌ക്കാനുള്ള സൗകര്യം, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ ഉദ്യാനങ്ങൾ, കാരക്കുന്ന് മലയിൽനിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവ ഈ ശ്മശാനത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിൽ നിർമ്മിക്കുന്ന ശ്‌മശാനത്തിൽ ഒരേസമയം രണ്ട് മൃതദേഹം ദഹിപ്പിക്കാനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഒരുക്കുന്നത്.
മരണാനന്തരച്ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങളും ശ്മശാനത്തിൽ ഉണ്ടാവും. 2018 ഡിസംബർ 27ന് മന്ത്രി എ സി മൊയ്‌തീനാണ് ശ്‌മശാനത്തിന് തറക്കല്ലിട്ടത്.
ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.
South India's first underground cremation at Ullyeri